കേരള കൃഷിവകുപ്പിന്റെ ഈ വര്ഷത്തെ Institutional Award നാട്ടക്കല് സ്ക്കൂളിന് ...
സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... .

Thursday 1 September 2016

അധ്യാപക ദിനം

              ----------------------------------------------------------------------------------------------------------------                          


അധ്യാപക ദിനം - രാഷ്ട്രപതിയുടെ സന്ദേശം


  ഈ അധ്യാപക ദിനത്തിൽ, രാജ്യത്തെ അധ്യാപകരെ അഭിവാദ്യം ചെയ്യുന്നതിനും, അഭിനന്ദിക്കുന്നതിലും ഞാൻ അതിയായി സന്തോഷിക്കുന്നു.

നമ്മുടെ കുട്ടികളുടെ ബൗദ്ധികവും, ധാർമ്മികവുമായ അടിത്തറകൾ കെട്ടിപ്പടുക്കുന്നതിലും, പ്രബലപ്പെടുത്തുന്നതിലും വ്യാപൃതരായ രാജ്യത്തെ അർപ്പണബോധമുള്ള അധ്യാപകരെ അംഗീകരിക്കാനുള്ള സന്ദർഭമാണ് അധ്യാപക ദിനം.

മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം എന്നത് ഉത്കൃഷ്ഠ സമൂഹത്തിന്റെ അടിസ്ഥാന ശിലയാണ്. സ്വയം പ്രചോദിതരായ അധ്യാപകർ എന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്റെ ആണിക്കല്ലുകളാണ്. അത്തരം അധ്യാപകർ, വിദ്യാർഥികളുടെ വൈയക്തിയ ലക്ഷ്യങ്ങൾ, രാഷ്ട്രത്തിന്റെയും, സമൂഹത്തിന്റെയും ലക്ഷ്യങ്ങളുമായി കൂട്ടിയിണക്കുന്നു. സമർപ്പണം, സഹിഷ്ണുത, ബഹുവിശ്വാസങ്ങൾ, പരസ്പര ധാരണ, അനുകമ്പ എന്നിവയിലൂന്നിയ സാംസ്കാരിക മൂല്യങ്ങൾ തങ്ങളുടെ വിദ്യാർഥികളിൽ ഉൾപ്രവേശിപ്പിക്കാൻ നമ്മുടെ അധ്യാപകർക്ക് കഴിയണം. നൂതനവും, ഫലപ്രദവുമായ പഠനബോധന പ്രക്രിയ സൃഷ്ടിക്കാൻ നമ്മുടെ അധ്യാപകർ പുതിയ പഠനരീതികൾ, സാങ്കേതികവിദ്യ എന്നിവ സ്വായത്തമാക്കേണ്ടതുണ്ട്.

നമ്മുടെ യുവ സമൂഹത്തെ വിദ്യാസമ്പന്നരാക്കാൻ തങ്ങളുടെ ജീവിതം സമർപ്പിച്ച രാജ്യത്തെ മുഴുവൻ അധ്യാപക സമൂഹത്തിന്, ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി 
ഞാൻ എല്ലാ നന്മകളും നേരുന്നു.
(പ്രണബ് മുഖർജി)
-----------------------------------------------------------------------------------------------------

സെപ്റ്റംബർ 5 അധ്യാപക ദിനം

  ധ്യാപനത്തിന്റെ ആചാര്യനായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്‌ഞാപനത്തിന്റയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു.

  പ്രശസ്‌തനായ എഴുത്തുകാരന്‍, പക്വമതിയായ രാഷ്‌ട്രതന്ത്രജ്‌ഞന്‍, ഉജ്വല വാഗ്മി, നവഭാരതത്തിന്റെ സ്‌നേഹനിധിയായ രാഷ്‌ട്രപതി, സ്വാമി വിവേകാനന്ദനെയും ടാഗോറിനെയും അനുഗമിച്ച മുനികുമാരന്‍, കളങ്കമറ്റ രാജ്യസ്‌നേഹി, തലമുറകളെ അക്ഷരജ്യോതിസുകൊണ്ട്‌ പുണ്യം ചെയ്യിച്ച ജ്‌ഞാനപ്രവാഹം, അങ്ങനെ അണിയാനും അണിയിക്കാനും അദ്ദേഹത്തിന്‌ എത്രയെത്ര വിശേഷണങ്ങള്‍.1952ല്‍ ആദ്യ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി.



  ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു.

  “നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.

ഭാരതീയരായ നാം 'മാതാ-പിതാ-ഗുരു ദൈവം' എന്ന്‌ പഠിക്കുന്നവരാണല്ലോ. നമ്മുടെ സംസ്‌കാരവും ചൈതന്യവും ഗുരുക്കന്മാര്‍ക്ക്‌ കല്‍പിച്ചു നല്‍കിയിട്ടുള്ള സ്‌ഥാനവും ഔന്നത്യവും സാമൂഹ്യനിര്‍മിതിയില്‍ അവര്‍ക്കുള്ള നിര്‍ണായക ഉത്തരവാദിത്വവും നാം മനസിലാക്കണം.മൂല്യബോധമുള്ള ഒരു തലമുറയുടെ രൂപീകരണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണം. മൂല്യങ്ങള്‍ പറഞ്ഞ്‌ പഠിപ്പിക്കാന്‍ സാധിക്കുകയില്ല. മൂല്യങ്ങള്‍ അധ്യാപകരില്‍നിന്നും കുട്ടികള്‍ സ്വായത്തമാക്കണം. അധ്യാപകര്‍തന്നെയാണ്‌ മൂല്യം. കുട്ടിയുടെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന നിര്‍മലവും സത്യസന്ധവുമായ പാഠങ്ങളാണ്‌ പ്രാഥമിക കളരികളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കേണ്ടത്‌.  

വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുക, അവരെ വളര്‍ത്തിക്കൊണ്ടുവരിക, പുതുമമങ്ങാതെ പഠിപ്പിക്കുക, വഴികാട്ടിയാകുക ഇതൊക്കെയാണ്‌ അധ്യാപകന്റെ വിളിയും ദൗത്യവും. അധ്യാപനം തപസ്യയായി ഏറ്റെടുത്തവര്‍ക്കേ ഈ ബാധ്യത നിറവേറ്റാന്‍ സാധിക്കൂ. സ്‌നേഹവും സഹാനുഭൂതിയുമാണ്‌ അധ്യാപകന്റെ മുഖമുദ്ര. അര്‍പ്പണബോധമുള്ള അധ്യാപകന്‌ ധാരാളം വായിക്കാനും തയാറെടുക്കുവാനും സമയം വേണമെന്നിരിക്കെ ബിസിനസു കാര്യത്തിനും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനും സമയം കണ്ടെത്താനാവില്ല. സിലബസില്‍ മാത്രം ഒതുങ്ങുന്നതല്ല അധ്യാപനം. ആഴമേറിയ അറിവും വിശാലദര്‍ശനവും അതിന്‌ അനിവാര്യമാണ്‌.

''അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനാധ്വാനിയും വിശാല മനസ്‌കനും ആയിരിക്കണം. അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന ഒരരുവിയാകണം'' ഇതായിരുന്നു അധ്യാപനത്തോടുള്ള ഡോ. രാധാകൃഷ്‌ണന്റെ കാഴ്‌ചപ്പാട്‌. വിജ്‌ഞാനത്തിന്റെ പുത്തന്‍പാതകള്‍ തുറന്ന്‌ വിദ്യാര്‍ഥികളെ പ്രകാശപൂരിതമാക്കാന്‍ അധ്യാപക സമൂഹത്തിനാകട്ടെ എന്ന്‌ ഈ സുദിനത്തില്‍ നമുക്ക്‌ പ്രതിജ്‌ഞയെടുക്കാം.